കൊല്ലം: കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്.
സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇരവിപുരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് ആറിന് പള്ളിമുക്ക് മുതൽ വെണ്ടർമുക്ക് വരെ നടത്തിയ ജാഥയിൽ പങ്കെടുത്ത ചിന്ത ജെറോം, അഭിമന്യു, ഷബീർ, ആസിഫ്, റഫീക്ക് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 50 പേർക്കുമെതിരെയാണ് കേസ്.
കൊല്ലുർവിള കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റിയാസുദീൻ റാവുത്തർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൈകാൽവെട്ടും തട്ടും എന്നും മറ്റും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും പള്ളിമുക്കിൽ കൊല്ലൂർവിള കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.
ഇതേ പ്രകടനത്തിനിടയിൽ സ്ത്രീവിരുദ്ധവും സഭ്യമല്ലാത്തതുമായ മുദ്രാവാക്യവും വിളിച്ചെന്ന് ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർന്നതിന് പിന്നാലെ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. പ്രകടനത്തിൽ വൈകാരിക മുദ്രാവാക്യങ്ങളുയർന്നെന്നും വിവാദമായ മുദ്രാവാക്യം തിരുത്താനും ഏറ്റുവിളിക്കാതിരിക്കാനും താൻ ശ്രദ്ധിച്ചെന്നും ചിന്ത വിശദീകരിച്ചു.
താൻ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നയാളാണ്. ഒരിക്കലും ഇങ്ങനെയുള്ള ആരോപണം കേൾക്കാൾ ആഗ്രഹിക്കുന്നില്ല. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് കട്ട് ചെയ്ത വിഡിയോ ആണ്. മുഴുവനായുള്ള വിഡിയോ ലഭ്യമാണ്. താൻ ഏതോ പ്രസംഗത്തിൽ അസഭ്യം പറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് ശരിയല്ല. മന്ത്രിയെ ആക്രമിച്ചതുപോലെ തന്നെയും കുടുംബത്തെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുകയാണെന്നും ചിന്ത പറഞ്ഞു.

