യുണൈറ്റഡ് അറബ് എമിറേറ്റ്സ് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടയുകയും 129 ഡ്രോണുകൾ കണ്ടെത്തുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 121 ഡ്രോണുകൾ തടഞ്ഞപ്പോൾ എട്ടെണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ പതിച്ചു. ഇറാന്റെ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎഇക്ക് നേരെ 189 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി മന്ത്രാലയം എക്‌സിൽ (X) കുറിച്ചു. ഇതിൽ 175 മിസൈലുകൾ നശിപ്പിച്ചു, 13 എണ്ണം കടലിൽ പതിച്ചു, ഒരു മിസൈൽ രാജ്യത്തിനുള്ളിൽ ലാൻഡ് ചെയ്തു.
ആകെ 941 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തിയതിൽ 876 എണ്ണം തടഞ്ഞതായും 65 എണ്ണം രാജ്യത്തിനുള്ളിൽ പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് ക്രൂയിസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചു. “ആക്രമണങ്ങൾ ചില നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. കൂടാതെ എമിറാത്തി, ഈജിപ്ഷ്യൻ, സുഡാനി, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാൻ, യമൻ, ഉഗാണ്ട, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ സ്വദേശികളായ 78 പേർക്ക് നിസാര പരിക്കേറ്റു,” എന്ന് മന്ത്രാലയം എക്‌സിൽ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെയും യുദ്ധവിമാനങ്ങൾ ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും തകർക്കുന്നതിന്റെയും ഫലമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. “ദുബായ് എമിറേറ്റിലുടനീളം വിവിധ പ്രദേശങ്ങളിൽ കേട്ട ശബ്ദങ്ങൾ വിജയകരമായ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് അധികൃതർ സ്ഥിരീകരിക്കുന്നു. ബന്ധപ്പെട്ട സംഘങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നു,” ദുബായ് മീഡിയ ഓഫീസ് എക്‌സിൽ കുറിച്ചു.
വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസാ പിഴകൾ ഒഴിവാക്കി യുഎഇ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് യുഎഇ ഓവർസ്‌റ്റേ ഫൈൻ ഒഴിവാക്കിയത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ഇവർക്ക് അനുയോജ്യമായ താമസം ഒരുക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

