പാലക്കാട്: ജില്ലയിലെ സി.പി.എം നേതൃത്വത്തോട് കലഹിച്ച് നിൽക്കുന്നവർ രൂപം നൽകിയ മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ കൺവെൻഷൻ പാലക്കാട് തുടങ്ങി. പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ നടക്കുന്ന കൺവെൻഷൻ മുൻ എം.എൽ.എ. പി.കെ. ശശിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൻസ്വീകരണമാണ് അദ്ദേഹത്തിന് കൺവെൻഷനിൽ ലഭിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടിയോട് അകന്നുനിൽക്കുന്നവരടക്കം നൂറുകണക്കിനാളുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എം.ആർ. മുരളിയുടെയും പി.എ. ഗോകുൽദാസിന്റെയും നേതൃത്വത്തിൽ മുമ്പ് പാർട്ടിയിൽ ചില നീക്കങ്ങൾ നടന്ന സമയത്തു പോലും ഇത്തരമൊരു കൺവെൻഷൻ ജില്ലയിൽ ചേർന്നിട്ടില്ല. പി.കെ. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് മണ്ഡലത്തിൽനിന്ന് മാത്രം അഞ്ഞൂറിലധികംപേർ പങ്കെടുക്കുമെന്ന് മണ്ണാർക്കാട്ടെ കൂട്ടായ്മാ ഭാരവാഹികൾ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശിയെ സ്ഥാനാർഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങൾക്കുണ്ടെന്നും ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷ് പറഞ്ഞു. വടക്കഞ്ചേരി മുൻ ഏരിയാ സെക്രട്ടറി കെ. ബാലൻ, ഏരിയാ കമ്മിറ്റിയംഗം പി. ഗംഗാധരൻ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

