പാലക്കാട്: സി.പി.എം ജില്ല നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് വിമത കൺവെൻഷൻ വിളിച്ചുചേർത്തതിന് പുറത്താക്കിയ പി.കെ. ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്. സി.പി.എം ഓഫിസ് പി.കെ. ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
‘ശശിക്ക് പാർട്ടി ഓഫിസും അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന് ഞാൻ പറയേണ്ടല്ലോ. ആ പാർട്ടി ഓഫിസിൽ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട് ഹൃദയം പൊട്ടി ഒരുതുണ്ട് കയറിൽ ജീവൻ വെടിഞ്ഞു ഒരു പാവം മനുഷ്യൻ. വേറെ ആരുമല്ല മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്… അതെ ഓഫിസിൽ വെച്ച് നീ മാനത്തിന് വില പറഞ്ഞപ്പോൾ മുഖത്ത് കാർക്കിച്ച് തുപ്പി പടിയടങ്ങിയ ഒരതിജീവിതയുടെ ശാപവാക്കുകൾ നിന്നെ ഇനിയും പിന്തുടരും….’ -റിയാസുദ്ദീൻ കുറിപ്പിൽ പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ‘ശശി നടത്തിയ അഴിമതി, അധാർമ്മിക പ്രവർത്തനങ്ങൾ എല്ലാം നിങ്ങളുടെ എല്ലാം അറിവൊടും അനുവാദത്തോടും ആയിരുന്നു അല്ലേ? പാർട്ടിയിൽ ഉണ്ടെങ്കിൽ എല്ലാത്തിനും കൂട്ട് നിൽക്കും, എന്നല്ലേ പറഞ്ഞു വരുന്നുന്നത്?’ എന്ന് ഒരാൾ കമന്റിൽ ചോദിക്കുന്നു.
‘ഇന്നലെ വരെ അയാൾ പുണ്യാളനും വാഴ്ത്തപെട്ടവനും തീവ്രതകുറഞ്ഞവനും ആയിരുന്നു. പുറത്ത് പോയപ്പോൾ കൊള്ളാത്തവൻ. അയാളെ ന്യായീകരിക്കാൻ സംസ്ഥാന വനിതാ നേതാക്കൾ ഉൾപ്പെടെ എന്ത് ആവേശം ആയിരുന്നു. അയാൾക്ക് സർട്ടിഫിക്കറ്റും കൊടുത്ത് കെ.ടി.ഡി.സി ചെയർമാനും ആക്കി’ എന്നായിരുന്നു ഒരുകമന്റ്. ‘അപ്പോൾ താൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ആയിരുന്നു അല്ലേ ഇയാളെ തന്റെ നേതാവ് ആകാൻ ഉണ്ടായിരുന്ന യോഗ്യതകൾ.. ഇത് പോലെ ഒക്കെ തന്നെ ആയിരിക്കില്ലേ ഇനി ബാക്കി ഉള്ള നേതാക്കളും.. എന്താല്ലേ’ എന്ന് മറ്റൊരാൾ ചോദിക്കുന്നു.
ഇന്നലെയാണ് പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് പി.കെ. ശശി വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തത്. സി.പി.എം ജില്ല നേതൃത്വത്തോട് അതൃപ്തിയുള്ള വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘മാർക്സിസ്റ്റ് കൂട്ടായ്മ’ ചെയർമാനായി പി.കെ. ശശിയെയും കൺവീനറായി എം. സതീശിനെയും കൺവെൻഷൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ശശിയെ സി.പി.എം പുറത്താക്കുകയും ചെയ്തു. മഹാന്മാർ ഇരുന്ന പാർട്ടി ജില്ല സെക്രട്ടറിയുടെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണെന്നായിരുന്നു സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ശശി ആരോപിച്ചത്. ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തവരെ വേട്ടയാടി. കള്ളുകച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ല സെക്രട്ടറി ഉണ്ടായിട്ടില്ല. സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റു പാർട്ടികളിൽ പോയവരുണ്ട്. അഞ്ചുവർഷംകൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി മാറ്റിയ മറ്റൊരു സെക്രട്ടറിയില്ല’ -അദ്ദേഹം പറഞ്ഞു.

