കൊച്ചി: ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം രൂക്ഷമായിരിക്കെ, ഇറാനിയൻ കപ്പൽ ഐആർഐഎസ് ലവാൻ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് നങ്കൂരമിടാൻ അനുമതി നൽകുകയായിരുന്നെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇറാന്റെ മറ്റൊരു പടക്കപ്പലായ ഐആർഐഎസ് ദേന ശ്രീലങ്കൻ തീരത്തിനടത്ത് തകരുന്നതിനു മുമ്പാണ് ഐആർഐഎസ് ലവാൻ നങ്കൂരമിടാൻ ബന്ധപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിടോ ആക്രമണത്തിലാണ് ഐആർഐഎസ് ദേന തകർന്നതെന്നാണു റിപ്പോർട്ടുകള്‍.
ഫെബ്രുവരി 28നാണ് കപ്പൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇറാനിയൻ അധികൃതർ ഇന്ത്യയെ സമീപിച്ചത്. അടിയന്തരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നങ്കൂരമിടാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് മാർച്ച് ഒന്നിന് ഇക്കാര്യത്തിൽ അനുമതി നൽകി. പിന്നാലെ മാർച്ച് നാലു മുതൽ കൊച്ചി തുറമുഖത്ത് ഐആർഐഎസ് ലവാൻ നങ്കൂരമിട്ടിട്ടുള്ളതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും െകാച്ചി നാവികസേനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണു വിവരം.
കഴിഞ്ഞ ദിവസമാണ് ഐആർഐഎസ് ദേന ശ്രീലങ്കയുടെ ദക്ഷിണ തീരത്ത് തകർന്നത്. സംഭവത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായും 32 പേർക്ക് പരുക്കേറ്റതായും ബാക്കിയുള്ള 60ഓളം പേർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിന് ശ്രീലങ്കൻ നാവികസേനയ്ക്ക് സഹായം നൽകിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഈ മേഖലയിലുണ്ടായിരുന്ന മറ്റൊരു കപ്പൽ ശ്രീലങ്കൻ തീരത്ത് അഭയം തേടിയതായാണു റിപ്പോർട്ടുകൾ.

