പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാന്റെ പുതിയ ആക്രമണശ്രമം. സൗദി പ്രതിരോധ സേന മിസൈൽ തകർക്കുന്നതിനിടെ, അതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയും കൊല്ലപ്പെട്ടു. സൗദിയിലെ അൽ-ഖർജ് റസിഡൻഷ്യൽ മേഖലയിലാണ് സംഭവം നടന്നത്.
സൗദി അറേബ്യയുടെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ട് എത്തിയ മിസൈലിനെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. എന്നാൽ, ഇതിന്റെ കനത്ത അവശിഷ്ടങ്ങൾ അൽ-ഖർജിലെ ഒരു താമസസമുച്ചയത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരിച്ച ഇന്ത്യക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

