കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ഭാര്യ വീട്ടിലെത്തിയപ്പോൾ മന്ത്രിയെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിലെന്ന് റിപ്പോർട്ട്. ശനിയാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. മറ്റൊരു യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ ഭാര്യ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന് ഗണേഷ് കുമാറിന്റെ സഹായികളോട് പറഞ്ഞ് അവരെ മുറിയിൽ തടഞ്ഞുവെച്ചുവെന്നും ആരോപണമുണ്ട്. തുടർന്ന് ചിത്രങ്ങൾ എടുത്ത മൊബൈൽ ഫോൺ ബലമായി പിടിവലിയിലൂടെ പിടിച്ചെടുക്കാനും ശ്രമമുണ്ടായി.
ഗണേഷ്കുമാറിന്റെയും സഹായികളുടെയും പിടിയിൽപെടാതെ രക്ഷപെടാനായി പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെയും പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നാൽ മുൻ ഡിജിപി ആർ ശ്രീലേഖ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു.
മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷ്കുമാറിന്റെ ഭാര്യ. ഇവർ ഉടൻതന്നെ ആൾ ശ്രീലേഖയെ ഫോണിൽ ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്‌ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്. ശ്രീലേഖയുടെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ കൈകാര്യം ചെയ്യുന്ന 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പൊലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ ഇടപെടാതെ പിൻവാങ്ങുകയായിരുന്നു എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതനുസരിച്ച് വാതിൽ കുറ്റിയിട്ട് സഹായികൾ ഇവരിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല. ഇതിനിടയിൽ പൊലീസിന്റെ സഹായത്തിനായി ഉച്ചത്തിൽ കരഞ്ഞ് അപേക്ഷിച്ചു. പിടിവലികൾക്കിടിയിൽ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പൊലീസ് സംഘത്തെ കാണാതിരുന്നതിനാൽ താൻ വന്ന ടാക്‌സി കാറിൽ തിരിച്ചുപോവുകയായിരുന്നു.
മന്ത്രിയുടെ കൂടെയുള്ള സുഹൃത്തുക്കളും ജീവനക്കാരും എനിക്ക് എതിരാണെന്ന് ബിന്ദു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ ഞാൻ പൂർണമായും ഒറ്റയ്ക്കാണ്. എനിക്ക് ഓർമയില്ലാത്ത ഒരു അമ്മയാണുള്ളത്. പല സ്ത്രീകളുടെയും പ്രശ്നം വച്ച് ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്റെ വീട്ടുകാരെ വിളിച്ചു പറയുന്നത്.
പ്രദീപ് എന്ന് പറഞ്ഞയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടി. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് എന്റെ കാലിൽ വീണു. ഇതിന്റെയെല്ലാം തെളിവ് എന്റെ കൈയ്യിലുണ്ട്. മന്ത്രി എന്നെ രണ്ട് മാസമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നോട് ഒരു മാപ്പ് പറഞ്ഞിരുന്നുവെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നു. അതൊന്നും ചെയ്യാതെയാണ് എനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു’’ – ബിന്ദു മേനോൻ പറഞ്ഞു.

