‘ആഗോള സുരക്ഷയ്ക്ക് ഭീഷണി; ഇറാന്റെ ആയുധശേഷി ഇല്ലാതാക്കും’: യുഎസ് വിദേശകാര്യ സെക്രട്ടറി

ഇറാന്റെ മിസൈല്‍, നാവിക ശേഷികള്‍ തകര്‍ക്കുക എന്നതാണ് സൈനിക ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അമേരിക്ക. മേഖലയ്ക്കും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇറാന്റെ ആയുധശേഷി ഇല്ലാതാക്കും. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ സേനയെ റൂബിയോ പ്രശംസിച്ചു.

ഇറാന്‍ ഭരണകൂടത്തെ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതികരിച്ചു. മുല്ല ഭരണകൂടം എത്രയും വേഗം അവസാനിക്കുന്നുവോ അത്രയും വേഗം യുദ്ധം അവസാനിക്കുമെന്നും മെര്‍സ് പറഞ്ഞു. ഇറാന്‍ ആഗോള ഭീകരതയുടെ കേന്ദ്രം. അമേരിക്കയും ഇസ്രായേലും അവരുടേതായ രീതിയില്‍ ഭരണകൂടത്തെ അവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യുന്നുവെന്നും മെര്‍സ് പറഞ്ഞു.

അതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെ ഹിസ്ബുള്ള അഭിനന്ദിച്ചു. തുടര്‍ച്ചയായ ആക്രമണത്തിനിടെയും പുതിയ നേതാവിനെ വേഗത്തില്‍ തിരഞ്ഞെടുത്തതിന് ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്‌സിനെയും ഹിസ്ബുള്ള പ്രശംസിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഭയപ്പെടില്ലെന്ന സന്ദേശമാണിത് നല്‍കുന്നതെന്നും ഹിസ്ബുള്ള വ്യക്തമാക്കി. തുര്‍ക്കിയെ ലക്ഷ്യമിട്ട മിസൈല്‍ തകര്‍ത്തതായി നാറ്റോ അറിയിച്ചിട്ടുണ്ട്. നാറ്റോ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏത് ഭീഷണിക്കെതിരെയും നാറ്റോയിലെ സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ നാറ്റോ സൈന്യം ഉറച്ചുനില്‍ക്കുമെന്നും വക്താവ് വ്യക്തമാക്കി.e

Leave a Reply

Your email address will not be published. Required fields are marked *