ധീവരസഭ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് മോദി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ. ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാനാണ് താൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു.

കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു.

സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാടാണെന്നും മോദി പറഞ്ഞു. പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ ബിജെപി, കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തു. സിപിഎം നേതാക്കൾ പരിപാടി ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *