തൃശൂർ: സി.പി.ഐ നേതാവും നാട്ടികയിലെ സിറ്റിങ് എം.എൽ.എയുമായ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ലാ ആസ്ഥാനമായ നമോഭവനിൽ എത്തിയാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്. ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർ മുകുന്ദനെ സ്വീകരിച്ചു.
നാട്ടികയിൽ സി.സി. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.സി. മുകുന്ദൻ ഇടഞ്ഞത്. നാല് പതിറ്റാണ്ട് പ്രവർത്തിച്ച സിപിഐയിൽ നിന്ന് പുറത്തായ സിസി മുകുന്ദൻ എംഎൽഎയ്ക്ക് നാട്ടികയിൽ പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി മുകുന്ദൻ പാർട്ടി അംഗത്വമെടുത്തത്. നേരത്തെ അദ്ദേഹത്തിനായി ആം ആദ്മി പാർട്ടിയും രംഗത്തുണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു ഇടത് സിറ്റിംഗ് എംഎൽഎ സംസ്ഥാനത്ത് പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നത്.

