ടെല്‍ അവീവിലും, മധ്യ ഇസ്രായേലിലെ വിവിധയിടങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ക്കെങ്കിലും പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള വെടിവയ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യ ഇസ്രായേലില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ 53-കാരന്റെ നില ഗുരുതരമാണ്.
ടെൽ അവീവിലും സമീപ നഗരങ്ങളിലും ആക്രമണങ്ങളുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരിൽ നാലുപേരുടെ നില സാധാരണ നിലയിലാണെന്നും ടെൽ അവീവ് സൗരാസ്‌കി മെഡിക്കൽ സെന്റർ അറിയിച്ചു.
നിരവധി വീടുകൾക്കും റോഡുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ജാഫയിൽ പാര്‍പ്പിട സമുച്ചയത്തില്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. പെറ്റാ ടിക്വയിൽ ഒരു റെസിഡൻഷ്യൽ ഏരിയയിൽ മിസൈലാക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായി. എന്നാല്‍ ഈ രണ്ട് ആക്രമണത്തിലും ആര്‍ക്കും ഗുരുതരമായി പരിക്കേറ്റില്ല.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലെ ബാറ്റ് യാം, ഹോളോണ്‍ എന്നീ നഗരങ്ങളില്‍ നാശനഷ്ടങ്ങൾ ഉണ്ടായതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.
ഇറാന്റെ നടാൻസ് ആണവ കേന്ദ്രത്തിന് നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി.

