മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സി.പി.എം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
വെള്ളനാട് ശശി

തിരുവനന്തപുരം: മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസില്‍ പ്രതിയായ വെള്ളനാട് ശശി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമാണ് ശശി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് ശശി കീഴടങ്ങിയത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തിന്റെ മുൻ‌കൂർ ജാമ്യപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് പഞ്ചായത്തിൽ കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറി. വിവരം അറിഞ്ഞെത്തിയ ശശി, വനം വകുപ്പ് ഉദ്യോഗസ്ഥരെത്താന്‍ കാത്ത് നില്‍ക്കാതെ ഇരുമ്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്.

മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയി. എന്നാൽ, പിന്നീട് ഔദ്യോഗിക ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന് വനം വകുപ്പ് ശ്രമിച്ചിരുന്നില്ല. ഇതിനിടെ, സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു, ഇതോടെയാണ് ശശി കീഴടങ്ങിയത്. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *