കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവന്‍ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയില്‍ എത്തിച്ചു. പ്രൊഡ്യൂസര്‍ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്.
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

