കേരളത്തിൽ ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ട്, ഇനി എൻഡിഎ സർക്കാർ വരണം’

കൊച്ചി ∙ കേരളത്തിൽ ‘ലവ് ജിഹാദ്’ മാത്രമല്ല ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദലജെ. കൊച്ചിയിൽ എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ.ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയുടെ വിവാദ പ്രതികരണം. നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അനധികൃതമായി പണം എത്തിക്കുന്നവര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്നും എഫ്സിആർഎ വിഷയവുമായി ബന്ധപ്പെട്ട് അവർ പറഞ്ഞു.

എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ കാരണം കേരളം 78 വര്‍ഷമായി കഷ്ടപ്പെടുകയാണെന്ന് ശോഭ കരന്ദലജെ പറഞ്ഞു. ‘‘കേരളത്തിലെ വിദ്യാർഥികൾ പഠനത്തിനായി പുറത്തു പോവുകയാണ്, അതുപോലെ യുവാക്കള്‍ ജോലിക്കായി പുറത്തേക്കു പോവുന്നു. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പുറത്തേക്കു പോവുകയാണ്. കാരണം അവരെ പേടിപ്പിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ഭൂമി ജിഹാദും ബിസിനസ് ജിഹാദുമുണ്ട്’’– കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ വ്യവസായങ്ങൾ വരണമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെയോ മത്സ്യത്തൊഴിലാളികളെയോ സംരക്ഷിക്കുന്നില്ല എന്നും അവർ ആരോപിച്ചു. എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കു വേണ്ടി അന്യോന്യം പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് ഇനി എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്നും ശോഭ കരന്തലജെ പറഞ്ഞു.

English Summary:

Shobha Karandlaje Alleges ‘Business’ and ‘Land Jihad’ in Kerala : Union Minister Shobha Karandlaje has alleged that not only ‘Love Jihad’ but also business jihad and land jihad exist in Kerala. The controversial statement from the Union Minister of State for Labour came during the election campaign of NDA candidate P.R. Sivashankar for the Ernakulam constituency in Kochi.

Leave a Reply

Your email address will not be published. Required fields are marked *