‘ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി പിണറായി വിജയൻ

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനെ രേവന്താ…, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘നീ പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കണ്ണൂരിൽ വാർത്തസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഒരു മര്യാദ വേണമെന്നും അതിനൊക്ക ചേർന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചതെന്നും പിണറായി ചോദിച്ചു.

തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗ് അനുഗമിച്ച് ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും നീ പോ മോനെ വിജയാ എന്നും നിങ്ങളുടെ സമയം കഴിഞ്ഞെന്നും രേവന്ത് പ്രസംഗിച്ചിരുന്നു.

തിരുവനന്തപുരത്തെത്തുമെന്നും പിണറായിയുടെ വികസന അവകാശവാദങ്ങൾ വസ്തുതാപരമായി നിരത്തിയുള്ള ഒരു സംവാദത്തിന് താൻ തയാറാണെന്നും രേവന്ത് റെഡ്ഡി വെല്ലുവിളിച്ചു. എക്സിൽ പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകൾ 2023-24 കാലത്തെ നിതി ആയോഗിന്റേതാണെന്നും ചൂണ്ടിക്കാട്ടി. ബി.ആർ.എസും ബി.ജെ.പിയും ചേർന്ന് തെലങ്കാനയെ തകർത്ത കാലത്തെ കണക്കുകളാണിത്. 2023 ഡിസംബറിലാണ് കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. പഴയ സർക്കാറിന്റെ വീഴ്ചകൾ പുതിയ സർക്കാറിന്റെ മേൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2025 അവസാനത്തോടെ കേരളം അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന പിണറായിയുടെ മുൻ പ്രസ്താവനയെയും റെഡ്ഡി പരിഹസിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിന്‍റെ മനസ്സ് എൽ.ഡി.എഫിനൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം എവിടെയും കാണാനില്ല. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ്. നിലവിലെ ബി.ജെ.പിയുടെ നേതൃനിര നോക്കിയാൽ അതിൽ 30 ശതമാനം പേരെങ്കിലും കോൺഗ്രസിൽനിന്ന് പോയവരായിരിക്കും. ഫലത്തിൽ, ബി.ജെ.പിക്ക് ആളുകളെ സപ്ലൈ ചെയ്യുന്ന വിഭാഗമായി കോൺഗ്രസ് മാറി. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കൾ എവിടെയാണെന്ന് നമ്മുക്ക് അറിയാം. ഇങ്ങനെ സ്വയം അപഹാസ്യരായവർ തങ്ങളെ അപഹസിക്കാൻ പുറപ്പെടുമ്പോൾ നല്ലതുപോലെ ആലോചിച്ചുവേണം.

തങ്ങൾക്ക് സുതാര്യമായ ഇടപാടുകൾ മാത്രമാണുള്ളത്. ഡീൽ എന്നു പറയുന്നത് നിങ്ങൾക്ക് ചേരുന്ന കാര്യമാണ്. അത് തങ്ങൾക്ക് അണിയാൻ പറ്റുന്ന കുപ്പായമല്ല. അത് സ്വയം എടുത്ത് അണിഞ്ഞാൽ മതി. സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഒരു നിലയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മതനിരപേക്ഷതയുടെ ഭാഗമായി ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതവർക്ക് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *