പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. അമേരിക്കയും ഇറാനും തമ്മില്‍ ഒട്ടുമിക്ക തര്‍ക്കവിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തികരിച്ചു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാർ ചർച്ചയിൽ പുരോ​ഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനം.

പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *