കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയുടെ മരണം അപകടമല്ല. പ്രദേശത്തെ കടക്കാനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്‌തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കുട്ടിയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. അതിനാൽ ഫോട്ടോ എടുക്കാനായിരുന്നില്ല അവിടേക്ക് പോയത് എന്ന കാര്യം വ്യക്തമാണ്. കഷ്‌ടിച്ച് അഞ്ച് മിനിട്ടിലാണ് കുട്ടിയെ കാണാതായതെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതായത്. പിന്നീട് പ്രദേശത്ത് മൂടൽമഞ്ഞും ഇരുട്ടും നിറഞ്ഞതിനാൽ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കിൽ പോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല. കാണാതായ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റർ അകലെ മാത്രമാണ് സിസിടിവി ഉള്ളത്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നായ സമീപത്തുള്ള കടയുടെ പരിസരത്തേക്ക് എത്തിയിരുന്നു. ആ കടക്കാരനെ സംശയമുണ്ട്. എന്നിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്ന് രാവിലെ നാലംഗ പൊലീസ് സംഘം കേരളത്തിൽ നിന്നും ചിക്കമംഗളൂരുവിൽ എത്തിയിരുന്നു. ഇവരുടെ കൂടി നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തിയത്. പുറത്ത് നിന്നും കാണാൻ കഴിയാത്ത ഒരു മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് നിന്ന് വിനോദയാത്രയ്‌ക്കായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. മകളെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം കുടുംബം ആദ്യമേ പ്രകടിപ്പിച്ചിരുന്നു.

