വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന്റെ വാതിൽ സുരക്ഷാച്ചട്ടങ്ങൾ പാലിച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം. വൈക്കം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയോസ് കോളേജിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചട്ടങ്ങൾ പ്രകാരം വാതിൽ പൂട്ടുന്നതിനെ കേന്ദ്ര നിരീക്ഷകൻ എതിർത്തതാണ് തർക്കത്തിന് കാരണമായത്
ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ കോട്ടയം എംഡി സെമിനാരി സ്‌കൂളിലും വൈക്കത്തേത് ബസേലിയോസ് കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമുകൾ പൂട്ടിയതിനുശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പംതന്നെ ചേർത്തുവച്ച് അവിടെതന്നെ സീൽ ചെയ്തുവച്ചതാണ് തർക്കത്തിന് കാരണമായത്.
സ്‌ട്രോംഗ് റൂമിന്റെ വാതിലിന് രണ്ട് പൂട്ടുകളാണുള്ളത്. ഇവ പൂട്ടി മുദ്രവച്ചതിനുശേഷം ഒരു പൂട്ടിന്റെ താക്കോലുകൾ റിട്ടേണിംഗ് ഓഫീസറും രണ്ടാമത്തെ പൂട്ടിന്റ താക്കോലുകൾ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും സൂക്ഷിക്കണമെന്നുമാണ് ചട്ടം. ഇവർ രണ്ടുപേരും ഒരുമിച്ചുണ്ടെങ്കിലേ പിന്നീട് സ്ട്രോംഗ് റൂം തുറക്കാനാകൂ എന്നതാണ് രീതി. വാതിലിനുകുറുകെ പട്ടിക തറച്ച് കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും.
എന്നാൽ ബംഗാളിലും ആസാമിലും ഇങ്ങനെയല്ല എന്നായിരുന്നു രഞ്ജൻ കുമാർ സിൻഹയുടെ നിലപാട്. ഇരുപൂട്ടുകളുടെയും ഓരോ താക്കോൽവീതം താഴുകൾക്കൊപ്പം സീൽ ചെയ്ത് വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിംഗ് ഓഫീസർമാർ സൂക്ഷിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ മുറിയുടെ സുരക്ഷയിൽ കോട്ടയം വെസ്റ്റ് പൊലീസ് സംശയം പ്രകടിപ്പിച്ചു. റിട്ടേണിംഗ് ഓഫീസറും എതിർപ്പറിയിച്ചു. ഇതിനിടെ സംഭവത്തിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷും ഇലക്ഷൻ ഏജന്റ് ജി ഗോപകുമാറും കളക്‌ടർ ചേതൻകുമാർ മീണയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർക്കും പരാതി നൽകി. തുടർന്ന് കളക്‌ടർ സ്കൂളിലെത്തി.
ചർച്ചകൾക്ക് ശേഷം രണ്ടിടത്തെയും സ്‌ട്രോംഗ് റൂമുകൾ പഴയ രീതിയിൽ തന്നെ പൂട്ടാൻ നിർദേശിച്ചു. ഇതിന് ശ്രമിച്ചപ്പോൾ ബസേലിയോസ് കോളേജിൽ കാവൽ നിൽക്കുകയായിരുന്ന സിഐഎസ്‌എഫ് സൈനികർ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടി. പിന്നീട് കേന്ദ്ര നിരീക്ഷകനും കളക്‌ടറും സംസാരിച്ച് തർക്കം പരിഹരിക്കുകയും സ്ട്രോംഗ് റൂമുകൾ പഴയ രീതിയിൽ തന്നെ പൂട്ടി താക്കോലുകൾ റിട്ടേണിംഗ് ഓഫീസർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കുമായി കൈമാറാൻ ധാരണയാവുകയും ചെയ്തു. വാതിലുകൾ വലിയ പ്ളൈവുഡ് ഷീറ്റുവച്ച് മറച്ച് അതിനുമുകളിൽ പട്ടിക തറച്ച് സുരക്ഷിതമാക്കുകയും ചെയ്തു.

