അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ കൂടുതൽ ആരാധകരെ നേടുകയും ചെയ്തു. ബിഗ് ബോസിന് പിന്നാലെ ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി രേണു സുധി സജീവമാണ്. ഇൻസ്റ്റഗ്രമിൽ അടുത്തിടെ താരം സബ്സ്‌ക്രിപ്ഷനും ആരംഭിച്ചിരുന്നു. ഇതിന്റെ പേരിലും രേണുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ ഒരു ആൽബം ഷൂട്ടിംഗിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ അശ്ലീലസൈറ്റിൽ ഇടാൻ ഒരു സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ആൽബം സംവിധായകനായ വിപിൻ ലാലിനെതിരെയും പ്രവാസി മലയാളിയായ ഷെഫീന ബീവിക്കെതിരെയുമാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം നൽകി തന്റെ ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി പോൺ സൈറ്റുകളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തലനാരിഴയ്ക്കാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു.
ആൽബത്തിന്റെ കഥ പറയാതെയാണ് വിപിൻ ലാൽ തന്നെ ക്ഷണിച്ചതെന്ന് രേണു പറയുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കംഫർട്ടബിൾ ആണെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഷൂട്ടിംഗിനിടെ അങ്ങേയറ്റം അശ്ലീലമായ രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചുവെന്നാണ് രേണുവിന്റെ ആരോപണം.
വയറ്റിൽ മുന്തിരി വച്ച് സംവിധായകൻ കടിച്ചെടുക്കുന്ന സീൻ, ലിപ് ലോക്ക് രംഗങ്ങൾ, മദ്യപിച്ച ശേഷം സംവിധായകനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന രംഗം, ഇത്തരത്തിലുള്ള സീനുകൾ ചെയ്യാൻ വിപിനും ഭാര്യയും തന്നെ നിർബന്ധിച്ചുവെന്നും ഇതിന്റെയെല്ലാം വിഡിയോ വിപിന്റെ ഭാര്യ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നുവെന്നും രേണു ആരോപിച്ചു. തന്റെ വിഡിയോകൾ പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് താൻ സംശയിക്കുന്നതായും രേണു കൂട്ടിച്ചേർത്തു.
രേണു സെറ്റിൽ ലഹരി ഉപയോഗിച്ചതിനാലാണ് ആൽബം മുടങ്ങിയതെന്ന വിപിൻ ലാലിന്റെ ആരോപണത്തെ ശക്തമായി നിഷേധിച്ചു. താൻ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് പുറത്തുവിടട്ടെ എന്നും താരം വെല്ലുവിളിച്ചു. ഷൂട്ടിംഗ് നടന്ന റിസോർട്ടിൽ അന്ന് മാദ്ധ്യമപ്രവർത്തകർ ഉണ്ടായിരുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ അവർ തന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. കതകടച്ച് കുറ്റിയിട്ടാണ് അവർ തന്നോട് ഇന്റിമേറ്റ് സീനുകളെ കുറിച്ച് സംസാരിച്ചതെന്നും രേണു പറഞ്ഞു.
ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നാണ് രേണു ആരോപിക്കുന്നത്. തന്നെ തകർക്കാൻ അവർ ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്നും തന്റെ ഉപജീവനമാർഗം തടയാനാണ് ഇവരുടെ ശ്രമമെന്നും രേണു പറഞ്ഞു. വിപിൻ ലാൽ നൽകിയ 5000 രൂപ അഡ്വാൻസ് താൻ തിരികെ നൽകില്ലെന്നും യാത്രയ്ക്കും മറ്റുമായി തനിക്ക് വലിയ നഷ്ടം സംഭവിച്ചുവെന്നും രേണു വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ തനിക്ക് ഭയമാണെന്നും രേണു പറഞ്ഞു.
