ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.പ്രമുഖ ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതു സംബന്ധമായി ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍ മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവില്‍ മോഹന്‍ലാല്‍.

ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ ലാല്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും ലാല്‍ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല.

ലോക് സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആയിരിക്കും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിരിക്കെ മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തീ പാറുന്ന മത്സരമായിരിക്കും നടക്കുക.

മോഹന്‍ലാല്‍ രംഗത്തിറങ്ങിയാല്‍ കേരളത്തില്‍ നിന്നും നിരവധി സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന കണക്കു കൂട്ടലും ബി.ജെ.പിക്കുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിക്കാന്‍ അതുവഴി കഴിയുമെന്നാണ് സംഘ പരിവാര്‍ കണക്കുകൂട്ടലത്രെ.

നിലവില്‍ നാല് രാജ്യസഭാംഗങ്ങളും ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും കേരളത്തിനായി ബി.ജെ.പി നല്‍കിയിട്ടുണ്ട്.

മോഹന്‍ലാല്‍ മത്സരിച്ച് വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നല്‍കാനും വീണ്ടും അധികാരത്തില്‍ വന്നാല്‍ മോദി തയ്യാറായേക്കും.
വാര്‍ത്തയോട് പ്രതികരിക്കാന്‍ നേതാക്കള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയ ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ഇടത് – വലത് മുന്നണി നേതാക്കള്‍.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ മോഹന്‍ലാലിന്റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *