ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ (എൽഇടി) സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വെടിവെപ്പ്. അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഹംസ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് അമീർ ഹംസയ്ക്ക് നേരെ വധശ്രമമുണ്ടാകുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇയാളുടെ വീടിന് പുറത്തുവെച്ച് ആക്രമണമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് പാക് അധികൃതർ ഇയാൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നെങ്കിലും സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇന്ത്യക്കെതിരെ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത ചരിത്രമാണ് അമീർ ഹംസയ്ക്കുള്ളത്.
2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ് സി) നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാൾ. കശ്മീരിന് പുറത്ത് ലഷ്കർ നടത്തിയ ആദ്യത്തെ പ്രധാന ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്. 1985-86 കാലഘട്ടത്തിൽ ഹഫീസ് സയീദിനൊപ്പം ചേർന്നാണ് ഹംസ ലഷ്കറെ തൊയ്ബയ്ക്ക് രൂപം നൽകിയത്. ഹഫീസ് സയീദിന് ശേഷം ലഷ്കറിലെ ഏറ്റവും കരുത്തനായ നേതാവായാണ് 66-കാരനായ ഇയാൾ അറിയപ്പെടുന്നത്.
ലഷ്കറിന്റെ പ്രചാരണ വിഭാഗത്തെ നയിച്ചിരുന്ന ഹംസ മികച്ച പ്രസംഗകനും എഴുത്തുകാരനുമാണ്. അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇയാൾ ലഷ്കറിന്റെ വിദേശ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസ്സുകൾ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങൾക്കായി ലഷ്കർ പുറത്തിറക്കുന്ന വാരികയുടെ എഡിറ്ററായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ ലഷ്കറിന്റെ സാമ്പത്തിക സ്രോതസ്സുകൾക്ക് മേൽ രാജ്യാന്തര തലത്തിൽ സമ്മർദ്ദമുണ്ടായപ്പോൾ മാതൃസംഘടനയിൽ നിന്ന് വിഘടിച്ച് ‘ജയ്‌ഷെ മൻകാഫ’ എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു

