തണുപ്പുതേടി പാമ്പുകള്‍ വീട്ടില്‍ കയറുമെന്നും കരുതലെടുക്കണമെന്നുമുള്ള മുന്നറിയിപ്പുകള്‍ വേനല്‍ക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ ഒക്കെ ഉണ്ടെങ്കലും സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ വേനല്‍കാലത്താലത്തെ കണ്ണീരായി മാറിയത് തൃശ്ശൂര്‍ കോടാലി കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോയുടെ മരണമാണ്. മാതാവിനൊപ്പം കിടന്നുറങ്ങുന്നതിനിടെയാണ് എട്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോജിനും കടിയേറ്റിട്ടുണ്ട്. അനോജ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടമ്പോട് എ.എല്‍.പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആല്‍ജോ. പാമ്പുകടിയേറ്റെന്ന് മനസ്സിലാകാതെ പോയാതാണ് കുരുന്നിന്റെ ജീവനെടുക്കാന്‍ ഇടയാക്കിയത്.
ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് ആല്‍ജോയെ ആശുപത്രിയില്‍ കൊണ്ടുന്നത്. പുലര്‍ച്ചയോടെ അബോധാവസ്ഥയിലായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും മാതാവ് പറഞ്ഞു. പുലര്‍ച്ചെ 5.30 ഓടെയാണ് മാതാവ് കുട്ടികളെ അവശനിലയില്‍ കണ്ടത്. ഉടനെ ബൈക്കില്‍ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലന്‍സ് ഡ്രൈവറുടെ വീട്ടിലെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍ജോ മരിച്ചിരുന്നു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ അടയാളവും കണ്ടെത്തി. ഇതോടെ കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികള്‍ കിടന്നിരുന്ന കിടക്കയില്‍ തലയിണയുടെ അടിയില്‍നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകൂ.
പുലര്‍ച്ചെ രണ്ടോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണര്‍ന്നിരുന്നു. തുടര്‍ന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിക്കാന്‍ കാരണം.

