വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണം 22 ആയി; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും | 22 killed in firecracker factory blast in Tamil Nadu’s Virudhunagar

 

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം. അപകടം, വിരുദുനഗര്‍ കട്ടന്നാര്‍പട്ടിയിലെ വനജ ഫയര്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവര്‍ വിരുദുനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്.

നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പേച്ചിയമ്മാള്‍ (51), ശാരദ (40), പഞ്ചവര്‍ണന്‍ (56),വീരഭദ്രന്‍ (45), വീരഭദ്രന്റെ ഭാര്യ സങ്കിലിത്തങ്കം (40), അരുണ്‍കുമാര്‍ (23), കതിഷ് (14) എന്നിവരാണ് വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ളവര്‍. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സംഭവത്തില്‍ അനുശോചിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മന്ത്രിമാരായ കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍, തങ്കം തെന്നരശ് എന്നിവരോട് സംഭവസ്ഥലത്തേക്ക് എത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വിരുദുനഗറില്‍ മുന്‍പും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *