തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം. ഇത് വരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.
നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.
വലിയൊരു പാടശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിർമ്മാണശാല സ്ഥിതിചെയ്‌തിരുന്നത്. സ്‌ഫോടനത്തെ തുടർന്ന് ഈ പാടശേഖരത്തിലേക്ക് പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടാൻ തുടങ്ങി. ഉഗ്രസ്‌ഫോടനത്തെ തുടർന്ന് അവശിഷ്‌ടങ്ങൾ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ മറ്റാരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനുശേഷം മാത്രമേ പരിക്കേറ്റവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കാനാകൂ. സ്‌ഫോടനം നടന്ന സമയത്ത് പടക്കശാലയിൽ ഉണ്ടായിരുന്നവരിൽ പലരും ഓടിരക്ഷപ്പെട്ടതായാണ് വിവരം.

