അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഹോർമോസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ സായുധസേന വെടിയുതിർത്തു. ഒമാൻ തീരത്തിന് സമീപം പനാമ ഫ്ലാഗ് ചെയ്ത ‘എം എസ് സി ഫ്രാൻസെസ്ക’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കപ്പൽ അധികൃതർ അവഗണിച്ചതാണ് പ്രത്യാക്രമണത്തിന് കാരണമായതെന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തു. ഇറാൻ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ വച്ചാണ് വെടിവെപ്പുണ്ടായത്. കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും, ഉള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ ആരോഗ്യനിലയെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കപ്പൽ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നും നാവികസേന നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന നീക്കങ്ങളെ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. എന്നാൽ, ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ സമുദ്രവ്യാപാരത്തിന് വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

