സുൽത്താൻ ബത്തേരിയിൽ ബസ് യാത്രയ്ക്കിടെ കൈ നഷ്ടപ്പെട്ടു; യുവാവിന് കെഎസ്ആർടിസി  നഷ്ടപരിഹാരം നൽകണം

സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച് ഇടതുകൈ നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം നൽകാൻ വയനാട് എം.എ.സി.ടി കോടതി ഉത്തരവിട്ടു. അമ്പലവയൽ സ്വദേശി മുഹമ്മദ് അസ്ലമിനാണ് 1,40,34,550 രൂപയും പലിശയും കോടതിച്ചെലവും കെ.എസ്.ആർ.ടി.സി നൽകേണ്ടത്. അപകടത്തിൽപ്പെട്ട ബസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാലാണ് നഷ്ടപരിഹാര തുക കെ.എസ്.ആർ.ടി.സി നേരിട്ട് നൽകാൻ ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ വിധിച്ചത്.

2023 ജനുവരി പതിനേഴിനാണ് ഫാർമസി വിദ്യാർത്ഥിയായ അസ്ലമിന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. അമ്പലവയലിൽ നിന്ന് ബത്തേരിയിലേക്ക് ബസിന്റെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അസ്ലമിന്റെ കൈ, ബസ് ഡ്രൈവർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഉരസുകയായിരുന്നു. ഇംപാക്ടിൽ കൈമുട്ടിന് മുകളുവെച്ച് കൈ അറ്റുപോയി. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചിരുന്നില്ല.

യുവാവിനുണ്ടായ കഠിനമായ മാനസിക ആഘാതം, ചെറിയ പ്രായം, തുടർവിദ്യാഭ്യാസത്തിനും ജീവിതത്തിനുമുണ്ടാകുന്ന തടസ്സങ്ങൾ എന്നിവ കണക്കിലെടുത്താണ് കോടതി ഇത്രയും വലിയ തുക വിധിച്ച് ഉത്തരവായത്. അഭിഭാഷകനായ ടി.ആർ. ബാലകൃഷ്ണൻ മുഖേനയാണ് അസ്ലം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *