മുഖ്യമന്ത്രി: ലീഗ് അഭിപ്രായം പറയാൻ പാടില്ല; യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും, മാറാട് ഉണ്ടാകും -വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്ന വിഷയത്തിൽ ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്ന് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും എന്നാണ് അതിന്റെ അർത്ഥമെന്നും അരാജകത്വം ഉണ്ടാകുമെന്നും മാറാട് ആവർത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് ഘടകകക്ഷിയിൽപെട്ട ലീഗിലുള്ള ആളുകൾക്ക് പറയാമോ? കോൺഗ്രസിൽ ആരാകണമെന്ന് കോൺഗ്രസുകാരാണ് പറയേണ്ടത്. ആരായിരിക്കണം എന്ന് അവരുടെ പാർലമെന്ററി പാർട്ടി കൂടി അവർ തീരുമാനിക്കണം. മുൻകൂട്ടി ഇന്ന ആളായിരിക്കണം എന്നൊരു അഭിപ്രായം ലീഗ് പറഞ്ഞപ്പോൾ തന്നെ ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ. ഇവിടെ യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും എന്നാണ് അതിന്റെ അർത്ഥം. ലീഗിന്റെ ഭരണം ഇവിടെ വന്നു കഴിഞ്ഞാൽ ഈ രാജ്യത്ത് അരാജകത്വം അല്ലാതെ ഉണ്ടാകുമോ? ഇവിടെ മാറാട് എത്രയെണ്ണം ഉണ്ടാകും?’ -വെള്ളാപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനാണ് കൂടുതൽ ആളുകളുടെ പിന്തുണ​യെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രാവി​ലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എക്സിറ്റ് പോളിൽ വി.ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ, അത് അങ്ങനെ തന്നെയാണല്ലോ. ആളുകൾ ആ രീതിയിൽ വിധി എഴുതുന്നു. ആളുകളുടെ അഭിപ്രായം അതാണ് എന്നാണ് തനിക്ക് തോന്നുന്നത്. ആളുകൾ ആ രീതിയിൽ വിധി എഴുതിയിട്ടുണ്ടാകും’ -സാദിഖലി തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *