തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ ആയിരിക്കെ പി.വി. അന്‍വര്‍ നടത്തിയ ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് സമിതിക്ക് മുന്‍പാകെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പി.വി.അന്‍വര്‍ പരാജയപ്പെട്ടതാണ് സുജിത് ദാസിന് അനുകൂലമായത്. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നും വ്യാജമായി നിര്‍മിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദം സമിതി അംഗീകരിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.വി. അന്‍വര്‍ അന്വേഷണ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ ഹാജരായില്ല. കൂടാതെ, വിവാദമായ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ഹാജരാക്കാനും പരാതിക്കാരന്‍ തയാറായില്ല. പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ സുജിത് ദാസിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് നടത്തിയ വെളിപ്പെടുത്തലുകളും ശബ്ദരേഖകളും പി.വി. അന്‍വര്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. മലപ്പുറം ക്യാംപ് ഓഫിസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് അപേക്ഷിക്കുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു അന്‍വര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സുജിത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഡിജിപി എം.ആര്‍.അജിത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും അന്‍വര്‍ ഉന്നയിച്ചിരുന്നു.

