കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം കെട്ടിയിട്ട് വീട് കൊള്ളയടിച്ചു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. താഴെചൊവ്വ തൊഴുക്കിലെ പീടികയിലുള്ള വീട്ടില്‍ വെച്ച് വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ചാണ് മുഖംമൂടി സംഘം കവര്‍ച്ച നടത്തിയത്.

പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് മോഷണം കഴിഞ്ഞ് മടങ്ങിയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു.

ഇരുവരുടേയും വായും മൂടിക്കെട്ടി. മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. 25 പവന്‍ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡും ഗൃഹോപകരണങ്ങളുമാണ് സംഘം കവര്‍ച്ച ചെയ്തത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *