കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രസവാനന്തര ശുശ്രൂഷാ കേന്ദ്രത്തിലെ തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സംഭവസമയത്ത് ഉണ്ടായത് ഏഴ്‌ നവജാതശിശുക്കളും ആറ് അമ്മമാരും

കോഴിക്കോട് : നഗരത്തിലെ പ്രസവാനന്തര ശുശ്രൂഷാകേന്ദ്രത്തിൽ തീപ്പിടിത്തം. വെസ്റ്റ്ഹില്ലിന് സമീപം കനകാലയ ബാങ്കിനടുത്ത് പ്രവർത്തിക്കുന്ന ‘ഈറ്റിച്ച്’ എന്ന സ്ഥാപനത്തിലായിരുന്നു തീപ്പിടിത്തം. ആളപായമില്ല. താഴത്തെനിലയിലെ എ.സി. ഷോർട്ട് സർക്യൂട്ടായതാണ് തീപ്പിടിത്തകാരണമെന്ന് ബീച്ച് ഫയർ സ്റ്റേഷൻ അധികൃതർ പറഞ്ഞു

ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. തീപ്പിടിത്തം നടക്കുമ്പോൾ ആറ് അമ്മമാരും ഏഴ് നവജാതശിശുക്കളും ആറ് ജീവനക്കാരും സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നു. ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. തീപ്പിടിത്തമുണ്ടായതോടെ കെട്ടിടംമുഴുവൻ പുകനിറഞ്ഞിരുന്നു. തീപ്പിടിത്തമുണ്ടായപ്പോൾതന്നെ മുഴുവൻപേരെയും കെട്ടിടത്തിനുള്ളിൽനിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തമൊഴിവായി.

കെട്ടിടംമുഴുവൻ ചില്ലുകൾ സ്ഥാപിച്ചതിനാൽ അവ പൊട്ടിച്ചശേഷമാണ് അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമനസന്നാഹങ്ങൾ കെട്ടിടത്തിലുണ്ടോയെന്നും എല്ലാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണോ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പി.കെ. ഖാലിദ് എന്നയാളുടേതാണ് കെട്ടിടം. അദ്ദേഹം വിദേശത്താണുള്ളത്. കെട്ടിടത്തിന്റെ പ്ലാനും അനുബന്ധകാര്യങ്ങളും പരിശോധിക്കും. തിങ്കളാഴ്ച ഇത് സംബന്ധിച്ച് സ്ഥാപനത്തിനും കോർപ്പറേഷനും നോട്ടീസ് നൽകും.

കെട്ടിടത്തിന്റെ ബേസ്‌മെന്റ്, താഴത്തെനില, ബാക്കിയുള്ള മൂന്ന് നിലകൾ എന്നിവയെല്ലാം ചേർന്നതാണ് കെട്ടിടം. എല്ലാംവിശദമായി പരിശോധിക്കും. മൊത്തം ഉയരം 15 മീറ്ററിൽ കൂടുതലാണെങ്കിൽ ഫയർ എൻ.ഒ.സി. വേണമെന്നും അധികൃതർ പറഞ്ഞു. ബീച്ച് സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *