ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ തൃശൂർ സ്വദേശിനിയായ യുവതിെയ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്ന വിവരങ്ങൾ പുറത്ത്. 2017ൽ ദുബായില്‍ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കോടി രൂപ തട്ടിച്ച ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് രക്ഷപെട്ടയാളാണ് ദീപക് എന്നാണ് വിവരം. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ കയറി അക്രമം കാണിച്ചതും 500 രൂപയുടെ നോട്ടുകൾ കീറിയെറിഞ്ഞതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം മുളങ്കണ്ടം സ്വദേശിയായ ദീപക് 2011 മുതലാണ് ദുബായിൽ തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. താൻ 2 വർഷത്തിനിടയിൽ ജോലി ഉപേക്ഷിച്ച് റിയൽ എസ്റ്റ് മേഖലയിലേക്ക് കടക്കുകയാണെന്നാണ് ഇയാൾ സഹപ്രവർത്തകരെ അറിയിച്ചത്.
വിശ്വാസം നേടാനായി സ്വയം പരിചയപ്പെടുത്തിയത് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകനാണെന്നും. തുടക്കത്തിൽ ചെറിയ തുകകൾ തന്റെ തുടങ്ങാൻ പോകുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപകർക്ക് നൽകിയെങ്കിലും മൂന്നു വർഷം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബിസിനസ് ലാഭകരമല്ലെന്നും നിക്ഷേപം 3 മാസത്തിനുള്ളിൽ തിരിച്ചുകൊടുക്കുമെന്നും ദീപക് വാഗ്ദാനം നൽകി. എന്നാൽ ദീപക്കിനെ കുറിച്ച് അന്വേഷിച്ച നിക്ഷേപകർ ഞെട്ടി. അവകാശപ്പെട്ടതു പോലെ ഒരു കമ്പനിയും ദീപക്കിന്റെ പേരിൽ ഉണ്ടായിരുന്നില്ല. അവർ കേസു കൊടുത്തു. 4 കേസുകളിൽ ശിക്ഷിക്കപ്പെട്ടു, ആറു മാസം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങി 2017ൽ വ്യാജ പാസ്പോർട്ടിൽ കേരളത്തിലേക്ക് കടന്നു. പിന്നീട് ഇയാളെ കാണുന്നത് കേരളത്തിൽ ഒട്ടേറെ പ്രമുഖർ അണിനിരന്ന ഒരു ടെലിവിഷൻ ചാനലിന്റെ ലോഞ്ചിങ് സമയത്താണെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു
പിന്നെ കുറേക്കാലത്തേക്ക് വിവരമൊന്നും ഇല്ലാതിരുന്ന ദീപക്കിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചർച്ചകളിൽ മറ്റൊരു തട്ടിപ്പിന്റെ സൂചനകളുണ്ട്. അത് നായകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഒരു ബിഎംഡബ്ല്യു കാറിൽ 10 നായകളുമായി പുതുച്ചേരിയിലെത്തിയ ദീപക് തന്റെ പക്കൽ പണമില്ലെന്നും സഹായം വേണമെന്നും നായസ്നേഹികളോട് അഭ്യർഥിച്ചു. ബെംഗളൂരുവിൽ പോയി ബിഎംഡബ്ല്യു വിറ്റ് നായകൾക്ക് ഷെൽട്ടർ ഒരുക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇയാൾ പോയത് ചെന്നൈയിലേക്കാണെന്നും അവിടെയും സമാനമായ വിധത്തിൽ തട്ടിപ്പു നടത്തുന്നു എന്നു കാട്ടിയാണ് പെറ്റ് അഡോപ്ഷൻ ആൻഡ് ഫോസ്റ്ററിങ് എന്ന കൂട്ടായ്മയുടേതായ സന്ദേശങ്ങൾ പറയുന്നത്
ലാബില്‍ കംപ്യൂട്ടര്‍ ഗെയിം; വിലക്കിയ മലയാളി അധ്യാപികയുടെ മൂക്കിടിച്ചു പൊട്ടിച്ച് വിദ്യാര്‍ഥി
കൊച്ചിയിൽ ഇതിനിടെ, തെരുവുനായകളുടെ സംരക്ഷകനായും ഇയാൾ അവതരിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ ദീപക് നടത്തിയിരുന്നത് ലൈംഗികചൂഷണമായിരുന്നെന്ന ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2024 ഒക്ടോബറിൽ പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു നായകളെ ഡിസ്ചാർജ് ചെയ്യാൻ ബില്ലിന്റെ പണമടയ്ക്കാൻ പറഞ്ഞതിന് ജീവനക്കാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. ഇവിടെ വച്ച് 500 രൂപയുടെ 9 നോട്ടുകൾ കീറിയെറിയുകയും ചെയ്തതിന് കേസുണ്ട്. തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് ലഹരി ഇടപാടു കേസിൽ അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലായി തെരുവുനായകളെ മുൻനിർത്തിയായിരുന്നു ഇയാളുടെ മറ്റ് ഇടപാടുകളെല്ലാം. അത്തരത്തിൽ ബെംഗളുരുവില്‍ നടത്തുന്ന െതരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കു പോയ സുനിതയാണ് ദീപക്കിന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്.

