കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‍ലിം ലീഗ് ഇടപ്പെടരുതെന്ന മാത്യു കുഴൽനാടന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഫ്ലക്സുമായി യൂത്ത് ലീഗ് രംഗത്തുവന്നത്. കണ്ണൂർ ഇരിക്കൂറിലാണ് മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രംഗത്തുവന്നിരുന്നു. മുസ്‍ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു
രാഷ്ട്രീയമായി മുസ്‍ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പമുണ്ടായിരുന്നു. പരസ്പര ധാരണയോടെ മുന്നോട്ട് പോകണം. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭ കക്ഷിയോഗം ഉടന്‍ തുടങ്ങും. കെ.പി.സി.സി ആസ്ഥാനത്ത് എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും നിയുക്ത എം.എൽ.എമാരെ ഒന്നിച്ചും, ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിലുള്ള നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി സീറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

