തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പില്‍ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം.
വർത്തമാന കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കെസി, ജനങ്ങളെ വിഡ്ഢികളാക്കരുത്, വിഡിയാണ് ഗെയിം ചെയ്ഞ്ചർ, ഇപ്പോള്‍ വിഡി യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും, യൂ ടൂ ബ്രൂട്ടസ്’ എന്നെല്ലാമാണ് കമന്‍റുകള്‍. പിന്തുണയും ആള്‍ക്കൂട്ടവും താങ്കളെന്ന വ്യക്തിക്കുള്ളതാണ് എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്നും ഇപ്പോള്‍ ജയിച്ച ജനപ്രതിനിധികള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ അതാണ് ജനശക്തിയെന്നും അതിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും ചിലർ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തെ വിഡി സതീശന്‍റെ കഠിനാധ്വാനമാണ് യുഡിഎഫിന് കരുത്ത് നല്‍കിയത്, അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്താൻ ശ്രമിച്ചാല്‍ വരുംകാലങ്ങളില്‍ നിയമസഭ കാണാൻ ഷാഫിക്ക് കഴിയില്ലെന്ന് ചിലർ പ്രതികരിച്ചു. നേതാവ് ജനകീയൻ ആകുന്നത് ജനങ്ങള്‍ കൂടെയുള്ളപ്പോഴാണ്, ദില്ലിയിലെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനല്ല ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടതെന്നും സാമൂഹിക മാധ്യമത്തില്‍ പ്രതികരണം ഉയർന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കേസില്‍ വിഡി എടുത്ത നിലപാടുകള്‍ക്ക് പിന്നാലെയാണ് ഷാഫി വിഡിക്ക് എതിരായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ജനപ്രിയരായ നേതാക്കളെ അവഗണിക്കാൻ കൂട്ടുനിന്നാല്‍ ഷാഫി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചില ലീഗ് പ്രവർത്തകരും ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തി.

