കൊല്ലം: കേട്ടതു സത്യമാണോ എന്ന് ഉറപ്പുവരുത്താൻ പൂയപ്പള്ളി പൊലീസ് ഒരു നിമിഷം അമ്പരന്നു നിന്നുപോയി. പ്രതിസ്ഥാനത്ത് ഒരു ഗുണ്ടയായിരുന്നില്ല, മറിച്ച് നാട്ടിലെ ഒരു സാധാരണ ‘പൂവൻകോഴി’യായിരുന്നു!. ഒരു കോഴിക്ക് ഇത്രയും ക്രൂരമായി ആക്രമിക്കാൻ കഴിയുമോ എന്ന അത്ഭുതത്തിലാണ് നാട്ടുകാർ. കോഴിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ വയോധികയുടെ മുഖത്തെ മുറിവുകൾ ഉണക്കാൻ വേണ്ടി വന്നത്12 തുന്നലുകൾ.
പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയ്സ് (74) എന്ന വയോധികക്കാണ് കോഴിയുടെ കൊത്തേറ്റത്. കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു സിനിമാ സ്റ്റൈലിലുള്ള ‘അറ്റാക്ക്’.
വഴിയിലൂടെ നടന്നുപോയ ജോയ്സിന്റെ ദേഹത്തേക്ക് കോഴി പെട്ടെന്ന് പാഞ്ഞു കയറുകയായിരുന്നു. തുടർന്ന് തലയിൽ നിലയുറപ്പിച്ച കോഴി, മുഖത്തും മൂക്കിന്റെ വശങ്ങളിലും ഇടതു പുരികത്തിന് സമീപവും ക്രൂരമായി കൊത്തി മുറിവേൽപ്പിച്ചു. ജോയ്സിന്റെ കൂട്ടനിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ സ്ത്രീ കണ്ടത് ചോരയിൽ കുളിച്ചു നിൽക്കുന്ന വയോധികയെയാണ്. അപ്പോഴും കോഴി ഇവരുടെ തലയിൽ ഇരുന്ന് കൊത്തുന്നുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോഴിയെ ഓടിച്ച ശേഷം, ചോര ഒലിക്കുന്ന നിലയിൽ ജോയ്സിനെ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിലാണ് മുഖത്തെ മുറിവുകൾ ഗുരുതരമാണെന്ന് കണ്ടെത്തിയതും 12 തുന്നലുകൾ വേണ്ടി വന്നതും. ഇവർക്ക് കണ്ണിനും നേരിയ പരുക്കേറ്റിട്ടുണ്ട്. മുൻപും ഈ വഴി നടന്നു പോയപ്പോൾ ഇതേ കോഴി ആക്രമിക്കാൻ വന്നിരുന്നതായി വീട്ടുകാർ പറയുന്നു.
സംഭവത്തെക്കുറിച്ച് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും, ഒടുവിൽ ജോയ്സിന്റെ തന്നെ വലിയ മനസ്സ് കാരണം കേസെടുക്കാതെ കോഴിയോട് ‘ക്ഷമിച്ച്’ പരാതി പിൻവലിക്കുകയായിരുന്നു.

