പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ; പ്രോടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലി കൊടുത്തു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്. പാറക്കൽ അബ്ദുള്ള, കെ എം അഭിജിത്ത് എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു.

കെഎൻ ബാലഗോപാൽ, വിടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. തളിപ്പറമ്പിൽ നിന്ന് സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ടികെ ഗോവിന്ദൻ, പിണറായി വിജയന് കൈ കൊടുത്തു കൊണ്ടാണ് സത്യപ്രതിജ്ഞ ചൊല്ലാനെത്തിയത്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *