ബേക്കൽ: പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.മെയ് 9-നാണ് മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമ. കെയുടെ വീടിന്‍റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവന്‍റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ, ഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു
അന്വേഷണത്തിനൊടുവിൽ മെയ് 19നാണ് പ്രതിയായ നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മെയ് 22ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ കെ.വി, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതൽ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. പ്രതിയെ തുടർ നടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കും.

