ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്തി. മേഖലയിലെ ഒരു യുഎസ് വാണിജ്യ കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ അയച്ച നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഈ പുതിയ നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇറാന്റെ മറ്റൊരു ഡ്രോൺ ലോഞ്ചിങ് യൂണിറ്റിനെയും അമേരിക്കൻ സൈന്യം തകർത്തു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരവും നാവിക താവളവുമായ ബന്ദർ അബ്ബാസിന് കിഴക്ക് ഭാഗത്ത് മൂന്ന് ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്നും ഇതേത്തുടർന്ന് മേഖലയിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്ക സ്വയംരക്ഷാർത്ഥം ആക്രമണം നടത്തി രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഈ പുതിയ നീക്കം. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പലുകളുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.
അമേരിക്കയുടേത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇത്തരം പ്രകോപനപരമായ നടപടികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹോർമോസ്ഗാൻ മേഖലയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ യുഎസ് ഗുരുതരമായ വെടിനിർത്തൽ ലംഘനമാണ് നടത്തിയതെന്നും ഈ അനാവശ്യ ആക്രമണത്തിന്റെ എല്ലാ പ്രത്യാഘാതങ്ങൾക്കും അമേരിക്കൻ ഭരണകൂടം മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇറാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ഹോർമുസ് ഇടുക്കിന്മേലുള്ള നിയന്ത്രണമാണ് ഇപ്പോൾ പ്രധാന തർക്കവിഷയമായിരിക്കുന്നത്. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനും ആ വരുമാനം ഒമാനുമായി പങ്കിടാനുമാണ് ഇറാൻ ശ്രമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമാണിതെന്നാണ് ഇറാന്റെ വാദം.
എന്നാൽ വൈറ്റ് ഹൗസ് ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി. ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണം ആർക്കും വിട്ടുകൊടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഈ മേഖലയിൽ എപ്പോഴും നിരീക്ഷണം നടത്തുമെന്നും എന്നാൽ ഇതിന്റെ നിയന്ത്രണം ആരുടെയും കൈകളിൽ ഏൽപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

