കൊല്ലം: കരുനാഗപ്പള്ളിയില്‍ ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതിന് ശേഷം ഗൃഹനാഥന്‍ വീടിന് തീയിട്ടു. വീട്ടുപകരണങ്ങള്‍ മുക്കാല്‍ഭാഗവും കത്തിനശിച്ചു. അലമാരയില്‍ സൂക്ഷിച്ച 10 ലക്ഷം രൂപ അതിസാഹസികമായി എസ്‌ഐ പുറത്തെത്തിച്ചു. പണമെടുക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐ ജ്യോതിസുധാകറിന് സാരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.

പായിക്കുഴി സ്വദേശി ഹരികുമാറാണ് ഭാര്യയെ മര്‍ദ്ദിച്ചതിന് ശേഷം മണ്ണെണ്ണ ഒഴിച്ചു വീടിന് തീയിട്ടത്. അലമാരയില്‍ 10 ലക്ഷം രൂപ സൂക്ഷിച്ചിരിക്കുന്ന വിവരം ഹരികുമാറിന്റെ ഭാര്യയാണ് പോലീസിനെ അറിയിച്ചത്. ബന്ധുവിന്റെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചു വച്ചതായിരുന്നു ആ പണം. ജനല്‍ച്ചില്ല് തകര്‍ത്ത് അകത്തു കടന്നാണ് എസ്‌ഐ കത്തി കൊണ്ട് അലമാര തള്ളിയിട്ട് അതില്‍നിന്നു പണം അടങ്ങിയ ബാഗ് പുറത്തെടുത്തത്.

ഹരികുമാറിന്റെ ഭാര്യയുടെ ബന്ധുവായ സ്ത്രീക്കും മര്‍ദനമേറ്റു. ഇരുവരും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു തീയിട്ടതിന് ശേഷം ഹരികുമാര്‍ കടന്നുകളഞ്ഞു. ഭാര്യയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി, കായംകുളം യൂണിറ്റുകളില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനാസംഘം ഒരു മണിക്കൂറുകൊണ്ടാണു തീ അണച്ചത്. ഹരി കുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *