ന്യൂഡല്‍ഹി: പീഡനപരാതി തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ബൈബിള്‍ തൊട്ട് പറയാന്‍ സാധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചാല്‍ ശിക്ഷയേറ്റു വാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ മരണ ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണ്. നിയപരമായി ഒരു സ്ത്രീയുടെ മൊഴി നൂറു ശതമാനവും തെളിവാണ്.അറസ്റ്റ് ചെയ്യാന്‍ തെളിവുണ്ടെങ്കില്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്യട്ടെ.’ – ബിഷപ്പ് പ്രതികരിച്ചു

താന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പീഡനം നടന്നുവെന്ന് ഉറപ്പിക്കാനാകൂ. ഇതിന് പൊലീസിന് രജിസ്റ്റര്‍ ബുക്ക് പരിശോധിക്കാം. രജിസ്റ്റര്‍ ബുക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2014 മെയ് 5ലെ രജിസ്റ്റര്‍ പ്രകാരം രണ്ട് സിസ്റ്റര്‍മാര്‍ ഒരു പരിപാടിയ്ക്ക് പുറത്ത് പോവുകയും തനിക്കൊപ്പം തിരിച്ചു വന്നുവെന്നുമാണ് പറയുന്നത്. അല്ലാതെ താന്‍ അവിടെ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.

താന്‍ എട്ടോ ഒമ്പതോ തവണ രാത്രി അവിടെ താമസിച്ചിട്ടുണ്ട്. എന്നാല്‍ 13 തവണ എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. അതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. കന്യാസ്ത്രീയ്ക്ക് തന്റെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ജലന്ധറിലെ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ അന്ന് മദര്‍ജനറല്‍ ആയിരുന്നു. ആറ് വര്‍ഷം അവര്‍ മദര്‍ ജനറലായി തുടര്‍ന്നു. പിന്നീടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അതോടെ കന്യാസ്ത്രീയും അവരുടെ സംഘവും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ മദര്‍ജനറലിനെതിരെ തിരിഞ്ഞു. ഇത് ശക്തമായ കലഹത്തിലേക്ക് നയിച്ചു.

കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതില്‍ തനിക്ക് ഒന്നും പറയാനില്ല. താന്‍ പഞ്ചാബിലാണ്. കേരളത്തില്‍ നടക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും സമരത്തെക്കുറിച്ച് ബിഷപ്പ് പ്രതികരിച്ചു. ഏറെ നാളത്തെ മൗനത്തിനൊടുവിലാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *