അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ 19 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തന്റെ അനുയായികളുടെ പ്രേരണയാണ് സമരം അവസാനിപ്പിക്കാന്‍ കാരണമെന്ന് ഹാര്‍ദിക് പറഞ്ഞു. വലിയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ താന്‍ ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് അനുയായികള്‍ പറഞ്ഞതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ഹാര്‍ദിക് നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു.

കാര്‍ഷിക കടാശ്വാസവും പട്ടേല്‍ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടാണ് ഹാര്‍ദിക് മരണംവരെ നിരാഹാരം ആരംഭിച്ചത്. പൊതുസ്ഥലത്തു സമരം നടത്തുന്നതിന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഹാര്‍ദിക് തന്റെ കൃഷിയിട വസതിയിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെ ഞായറാഴ്ച ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഹാര്‍ദിക് സമരം തുടരുകയായിരുന്നു. പാട്ടീദാര്‍ നേതാക്കളാണ് ഹാര്‍ദിക്കിനെ സമരത്തില്‍നിന്നും പിന്തിരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *