യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവം: നിരോധിത മേഖലയിൽ ഷൂട്ടിങ് സംഘം എത്തിയതിൽ ദുരൂഹത

കൊച്ചി: രാജ്യാന്തര ഫാഷൻ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിശദീകരണവും കഴിഞ്ഞദിവസം ബ്രാൻഡ് ഡൽഹിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പും തമ്മിൽ പൊരുത്തക്കേടുണ്ട്.

ദിവ്യാൻഷു വെള്ളത്തിൽ മുങ്ങിപ്പോകുന്നതിന് മുമ്പുള്ള ദൃശ്യം. Image Credit: Special Arrangement

നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് അപകടമുണ്ടായതെങ്കിലും ഡൽഹിയിൽ നിന്നുള്ള സംഘത്തെ അവിടെ എത്തിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സ്ഥിരം അപകട മേഖലയാണെന്ന മുന്നറിയിപ്പ് അവഗണിച്ചും സുരക്ഷാ സംവിധാനം ഏർപ്പെടുത്താതെയും പരസ്യ ചിത്രീകരണം നടത്താൻ ശ്രമിച്ചതിനെതിരെ ഫാഷൻ രംഗത്തും മോഡലുകൾക്കിടയിലും പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ 28നാണ് യുവ മോഡലും രാജ്യാന്തര ഫാഷൻ ബ്രാൻഡ് ‘കാർത്തിക് റിസർച്ചി’ന്റെ ഡൽഹി സ്റ്റോർ മാനേജരുമായ ദിവ്യാൻഷു ജോഷി (26) മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തിൽ മുങ്ങിമരിച്ചത്. ബ്രാൻഡിന്റെ ഉടമയും ഡിസൈനറുമായ കാർത്തിക് കുമര ഉൾപ്പെട്ട സംഘമാണ് പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയത്.

പ്രാദേശിക ഏകോപന ചുമതലയുള്ള കൊച്ചിയിലെ റബർബ്രാൻഡ് പ്രോഡക്ഷൻസിന്റെ നേതൃത്വത്തിലായിരുന്നു പെട്ടമല സന്ദർശനമെന്നു പൊലീസ് പറഞ്ഞു. എന്നാൽ സംഘത്തിലെ മറ്റുള്ളവർ എത്തും മുൻപേ ദിവ്യാൻഷു പാറമടയിൽ ഇറങ്ങിയെന്നും അപകടത്തിൽ പെടുകയായിരുന്നെന്നും കോടനാട് പൊലീസ് പറയുന്നു.

അതേസമയം അപകട സമയത്ത് ഡിസൈനറും ഡയറക്ടറും ഫൊട്ടോഗ്രഫറും ഉൾപ്പെടെയുള്ള സംഘം സമീപം ഉണ്ടായിരുന്നതായി ബ്രാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. ദിവ്യാൻഷു മുങ്ങുന്നതു കണ്ടെങ്കിലും തൊട്ടടുത്തുനിന്ന ആൾക്കു നീന്തൽ വശമില്ലാതിരുന്നതിനാൽ മറ്റുള്ളവരെ സഹായത്തിനു വിളിച്ചെന്നും ഡിസൈനർ കാർത്തിക് ഓടിയെത്തി വെള്ളത്തിലിറങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്നുമാണ് വിശദീകരണം. അപകട സാഹചര്യത്തിൽ എത്രപേർ അവിടെ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.

ഈ വൈരുധ്യം യുവാവിന്റെ മരണത്തിലുൾപ്പെടെ കൂടുതൽ ചോദ്യങ്ങളുയർത്തുന്നു. ലാക്മേ ഫാഷൻവീക്കിൽ ഉൾപ്പെടെ ശ്രദ്ധേയനായ മോഡലും ഭരതനാട്യം നർത്തകനുമാണ് മരിച്ച ദിവ്യാൻഷു. പരസ്യ ചിത്രീകരണം നടത്തിയിട്ടില്ലെന്നും ലൊക്കേഷൻ പരിശോധന നടത്തുക മാത്രമായിരുന്നെന്നും ബ്രാൻഡും കോടനാട് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻകൂട്ടി അനുമതി ലഭ്യമാക്കാതെ അപകടസാധ്യതയുള്ള പ്രദേശത്ത് സ്ഥലപരിചയമില്ലാത്ത സംഘത്തെ എത്തിച്ചതിനു പിന്നിലെ അനാസ്ഥ പൊലീസ് അവഗണിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *