അബുദാബി: യുഎഇയിൽ വേനൽക്കാലം കൂടുതൽ കടുക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് കനത്ത ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഈ ആഴ്ച രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചൂട് വൻതോതിൽ വർദ്ധിക്കും.
അന്തരീക്ഷത്തിലുണ്ടാകുന്ന ഉയർന്ന വായുമർദ്ദ വ്യതിയാനങ്ങളാണ് പെട്ടെന്നുള്ള താപനില വർദ്ധനവിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കാനും അന്തരീക്ഷത്തിൽ വലിയ രീതിയിൽ പൊടിയും മണലും ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
താപനില പ്രവചനം ഇങ്ങനെ
താപനില 35 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ചില ഉൾപ്രദേശങ്ങളിൽ ചൂട് പരമാവധി 42 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങളിൽ താരതമ്യേന ചൂട് കുറവായിരിക്കുമെങ്കിലും ഇവിടങ്ങളിൽ താപനില 32 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഈ വരുന്ന വെള്ളിയാഴ്ച വരെ യുഎഇയിൽ സമാനമായ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.
വാഹനമോടിക്കുന്നവർക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദേശം
ചില സമയങ്ങളിൽ വീശുന്ന നേരിയ കാറ്റ് ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും, മണൽ പ്രദേശങ്ങളിൽ ഇത് കനത്ത പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മുൻപിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, അറേബ്യൻ ഗൾഫിലെ കടൽ ചില സമയങ്ങളിൽ മിതമായ നിലയിൽ നിന്നും പ്രക്ഷുബ്ധമായ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ ഉള്ളവരും ബീച്ചുകൾ സന്ദർശിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഒമാൻ കടലിലും ചില സമയങ്ങളിൽ നേരിയ രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

