ഇപ്പോഴല്ലെങ്കിൽ ഒരിക്കലും ഇല്ല – ഫിഫ ലോകകപ്പിൽ പോർചുഗലിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ പോർചുഗൽ ആരാധകനല്ലാത്ത ഒരു ഫുട്ബോൾ ആരാധകൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. സാധാരണ ഫുട്ബോൾ പ്രേമികൾ മാത്രമല്ല, പ്രമുഖ താരങ്ങളും പരിശീലകരും വരെ ഇത്തവണ കപ്പടിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്ന് പോർചുഗൽ ആണ്. അതിന്റെ പിന്നിലെ പ്രധാന കാരണം CR7 എന്ന പേരിൽ അറിയപ്പെടുന്ന സാക്ഷാൽ ക്രിസ്റ്റാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം തന്നെ. പ്രതിഭാശാലികളായ യുവനിരയാൽ സമ്പന്നമാണെങ്കിലും പോർചുഗൽ ടീമിന്റെ നെടുംതൂൺ റൊണാൾഡോയാണ്. ഇതിനകം ഫുട്ബോൾ ലോകത്തെ നിരവധി നേട്ടങ്ങൾക്കൊപ്പം തന്റെ പേര് എഴുതിച്ചേർക്കാൻ CR7-ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നുമാത്രം ഇപ്പോഴും ഈ ഇതിഹാസത്തിന്റെ കൈയെത്തും ദൂരത്തായി മാറിനിൽക്കുന്നു. അതാണ് ഫിഫ വേൾഡ് കപ്പ് എന്ന മോഹ കിരീടം.
ഇത്തവണ റോണോയ്ക്കായി പോർചുഗൽ ലോകകിരീടം നേടണമെന്ന് മറ്റ് ടീമുകളുടെ ആരാധകർ പോലും അതിയായി ആഗ്രഹിക്കുന്നു. അതിന് കാരണം ഇനിയൊരു ലോകകപ്പിന് ഒരുപക്ഷേ അദ്ദേഹം ഉണ്ടായേക്കില്ല എന്ന ആശങ്കയാണ്. നിലവിൽ അദ്ദേഹത്തിന് 41 വയസുണ്ട്. മനക്കരുത്തിനും ആരോഗ്യത്തിനും ഇപ്പോഴും യൗവനമാണെങ്കിലും നാലു വർഷങ്ങൾക്ക് ശേഷം അടുത്തൊരു ലോകകപ്പിനും കൂടി ബൂട്ട് കെട്ടാൻ റോണോ ഉണ്ടായേക്കില്ല എന്ന് ലോകം കരുതുന്നു.
ദാരിദ്ര്യത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം കാൽക്കരുത്തിൽ ഫുട്ബോൾ മൈതാനത്തേക്കെത്തി, തോൽക്കാൻ മനസില്ലാത്ത നെഞ്ചുറപ്പിന്റെ ബലത്തിൽ, ഉയർന്നുചാടിയും തലകൊണ്ട് ഇടിച്ചും ആരും കൊതിക്കുന്ന നേട്ടങ്ങൾ ഒന്നൊന്നായി സ്വന്തം പേരിൽ കുറിച്ചപ്പോൾ റോണോയെന്ന കളിക്കാരനെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി തങ്ങളുടെ നായകനായി പ്രതിഷ്ഠിച്ച ആരാധകർ നിരവധിയുണ്ട്. പ്രതിഭയുണ്ട് എന്നത് ശരിയാണെങ്കിലും അതിനുമപ്പുറം, കഠിനാധ്വാനവും അച്ചടക്കവുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിശൈലിയുടെയും വ്യക്തിത്വത്തിന്റെയും പ്രധാന പ്രത്യേകത.
പ്രായം നാൽപ്പതുകളിലേക്ക് എത്തിയിട്ടും യുവാക്കളെ വെല്ലുന്ന കായിക്ഷമത റൊണാൾഡോ പുലർത്തുന്നു. ഇടതുകാൽ കൊണ്ടായാലും വലതുകാൽ കൊണ്ടായാലും ഒരേ ശക്തിയിലും കൃത്യതയിലും ലോങ് ഷോട്ടുകളും ഫിനിഷിംഗും നടത്താൻ റോണോയ്ക്ക് സാധിക്കുന്നു. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ലോകത്തെ ഏറ്റവും മാരകമായ ‘ബോക്സ് സ്ട്രൈക്കർ’ (Goal Poacher) ആയി സ്വയം മാറിയത് CR7 എന്ന കളിക്കാരന്റെ നിശ്ചയാഢ്യത്തിന്റെ കൂടി തെളിവാണ്.
സ്വന്തം ടീം തോൽവി ഭീഷണി നേരിടുമ്പോൾ പാറപോലെ ഉറച്ച മനക്കരുത്തോടെ കളിതുടരുകയും ഹാട്രിക്കുകളിലൂടെയും വിജയഗോളുകളിലൂടെയും ടീമിനെ രക്ഷിക്കുകയും ചെയ്ത റൊണാൾഡോയെ നിരവധി മൈതാനങ്ങളിൽ നാം കണ്ടിട്ടുണ്ട്. അത്തരം നിരവധി പ്രതികൂല സാഹചരങ്ങൾ വിജയകരമായി മറികടന്ന് സ്വയം ഇതിഹാസമായി മാറിയ റോണോയ്ക്ക് തന്റെ കരിയറിൽ ഇനി അവശേഷിക്കുന്ന ഏക കടമ്പ ലോകകപ്പ് കിരീടമാണ്.
അഞ്ച് ബാലൺ ഡി ഓർ പുരസ്കാര നേട്ടങ്ങൾ (2008, 2013, 2014, 2016, 2017), രണ്ട് തവണ ഫിഫ ബെസ്റ്റ് പ്ലെയർ, നാല് യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാര നേട്ടം, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടം, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി നേടിയ കിരീടങ്ങൾ (ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ അഞ്ച് തവണ കിരീടം നേടിയ ആദ്യ കളിക്കാരനാണ് അദ്ദേഹം), ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം, ലാ ലിഗ, സീരി എ, ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം (4 തവണ) എന്നിങ്ങനെ കാൽപ്പന്ത് കളിയിൽ ക്രിസ്റ്റ്യനോയുടെ നേട്ടങ്ങൾ അനവധി.
കളിക്കളത്തിലെ പെർഫോമൻസ് കൊണ്ട് മാത്രമല്ല, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ആരാധകമനസിൽ ഇടം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞു. എന്നാൽ, കളിക്കളത്തിൽ ഒരുവിഭാഗം ആളുകൾക്ക് അദ്ദേഹം പ്രിയപ്പെട്ടവനാണെങ്കിൽ മറ്റൊരു വിഭാഗത്തിന് അയാൾ ധിക്കാരിയാണ്. ഒരു പച്ചമനുഷ്യൻ കൂടിയായ റോണോ, കളിക്കളത്തിൽ ചില ഘട്ടങ്ങളിൽ തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ചില വിവാദങ്ങളിലും ചെന്നുപെട്ടു എന്നത് വേറെ കാര്യം.
കളത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും ലോകകപ്പ് എന്ന മോഹം റോണോയ്ക്ക് ഇനിയും ബാക്കിയാണ്. തന്റെ ആറാം ലോകകപ്പിനാണ് ഇത്തവണ അദ്ദേഹം ഇറങ്ങുന്നത്. ലോകകപ്പ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളിലൂടെ പല നേട്ടങ്ങളും ഇതിനകം സ്വന്തം പേരിലാക്കിയിട്ടുള്ള റോണോ ഇത്തവണ കപ്പുംകൊണ്ടേ മടങ്ങൂ എന്ന് നിശ്ചയിച്ചുറപ്പിച്ചാണ് പന്തുതട്ടാനിറങ്ങുന്നത്.
ഫുട്ബോളിൽ റൊണാൾഡോയുടെ പ്രധാന എതിരാളിയായി ആരാധകർ കാണുന്നത്, അർജന്റീനയുടെ ഇതിഹാസവും കാൽപ്പന്ത് കളിയിലെ മാന്ത്രികനുമായ ലയണൽ മെസിയെയാണ്. റോണോയെപ്പോലെ തന്നെ, വെട്ടിപ്പിടിക്കാൻ ഒരു ലോകകപ്പ് കിരീടം മാത്രം ബാക്കി നിർത്തിയാണ് കഴിഞ്ഞ ലോകകപ്പിൽ മെസി കളിക്കാനിറങ്ങിയത്. ഇനിയൊരു ലോകകപ്പിന് മെസി ഉണ്ടായേക്കില്ലെന്നും ലോകകിരീടമില്ലാതെ മെസിക്ക് കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്നും അന്ന് ആരാധകർ ആശങ്കപ്പെട്ടു.
എന്നാൽ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഖത്തർ ലോകകപ്പിൽ മെസിയുടെ കിരീടധാരണം ഉണ്ടായി. ശക്തരായ നിരവധി ടീമുകൾ ഉണ്ടെങ്കിലും, കഴിഞ്ഞതവണ മെസി കിരീടം ചൂടിയപോലെ ഇത്തവണ റൊണാൾഡോ കിരീടം ചൂടി തന്റെ ഇതിഹാസ കരിയർ പൂർണ്ണതയിലേക്ക് എത്തിക്കുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. റൊണാൾഡോയെ മാത്രം ആശ്രയിച്ചല്ല ഇപ്പോഴത്തെ പോർച്ചുഗൽ എത്തുന്നത് എന്നതും പ്രതീക്ഷകൾക്ക് കരുത്തുപകരുന്നുണ്ട്.
ലോകകപ്പിൽ K ഗ്രൂപ്പിലാണ് പോർചുഗൽ ഉള്ളത്. കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 17ന് ഇന്ത്യൻ സമയം 10:30 PM ന് കോംഗോയുമായാണ് പോർചുഗലിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 17ന് 10:30 PMന് ഉസ്ബെക്കിസ്ഥാനുമായും ജൂൺ 28ന് 5 AMന് കൊളംബോയുമായും പോർചുഗൽ ഏറ്റുമുട്ടും. മത്സരം ആരംഭിക്കാനിരിക്കുന്നതേയുള്ളെങ്കിലും പോർചുഗൽ ഫൈനലിൽ എത്തുമെന്നുള്ള ചില പ്രവചനങ്ങൾ ഇതിനോടകം വൈറലാണ്.
ഇത്തവണ റോണോയ്ക്കായി മാത്രമല്ല, അന്തരിച്ച മുൻ പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്കായും പോർചുഗൽ കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. ജോട്ടയുടെ ഓർമ്മക്കായി ഈ ലോകകപ്പിൽ “27 കളിക്കാർ + 1″ എന്ന വൈകാരികമായ സന്ദേശവുമായാണ് പോർച്ചുഗൽ ടീം ടൂർണമെന്റിലേക്ക് ഇറങ്ങുന്നത്. ഈ വൈകാരികമായ കാരണങ്ങൾ ഒത്തൊരുമയോടെ, കപ്പിനായി കഠിനാധ്വാനം നടത്താൻ പോർചുഗൽ ടീമംഗങ്ങൾക്ക് പ്രചോദനമാകും എന്ന് ആരാധകർ വിശ്വസിക്കുന്നു. വിജയത്തിന്റെയും തോൽവിയുടെയും കണ്ണീരണിഞ്ഞ് നിൽക്കുന്ന റൊണാൾഡോയെ മൈതാനത്ത് നാം കണ്ടിട്ടുണ്ട്. ഇത്തവണ ലോകകപ്പിന് ഇറങ്ങുന്ന റോണോ ഫൈനലിൽ കപ്പുയർത്തും എന്ന് വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം.
”പ്രിയപ്പെട്ട റോണോ… നീ ഈ കപ്പുയർത്തണം… വിജയത്തിൽ നിന്റെ ആനന്ദക്കണ്ണീർ വീണ് മൈതാനം പുളകം കൊള്ളണം… അതുകണ്ട് സന്തോഷത്താൽ കണ്ണുനിറഞ്ഞ് നിൽക്കുന്ന ലോകത്തിന് രോമാഞ്ചം സമ്മാനിച്ചുകൊണ്ട് നീ ഈ വിശ്വകിരീടം അണിയണം… മതിവരുവോളം അതിൽ ചുംബിക്കണം… ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു…” എന്നാണ് റോണോ ആരാധകർ ഏറെ വികാരത്തോടെ പറഞ്ഞുനിർത്തുന്നത്. കാലം ആ ഇതിഹാസത്തിനായി കാത്തുവച്ചിരിക്കുന്നത് എന്ത് എന്ന് നമുക്ക് വരുംദിവസങ്ങളിൽ കാണാം.

