ന്യൂ ഡൽഹി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പറവൂർ ടൗൺഹാളിൽ സിനിമാ-സാംസ്കാരിക രാഷ്ട്രീയമേഖലയിലെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
ജന്മനാടായ പറവൂരിൽ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവർ ടൗൺഹാളിലെത്തി.കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പറവൂർ ടൗൺഹാളിലേക്കെത്തി. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

