കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കോഴിക്കോട്: 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് ഉൾപ്പെടെ മൂന്ന് പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യും. സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ, റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നിലവിലെ തീരുമാനം.
വിവാദമായ ഈ ചിത്രം ആദ്യം പങ്കുവെച്ചത് വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിലായിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്ക്കറുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം തനിക്ക് അറിയില്ലെന്നാണ് ജിതിൻ ഭാസ്ക്കർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് മറ്റ് സൈബർ ഗ്രൂപ്പുകളിലേക്ക് ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ മറ്റ് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംഭവം നടന്ന സമയത്ത് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് പങ്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും പ്രതികളെ കിട്ടാത്തതിനാൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണമാറ്റത്തിനു പിന്നാലെ പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ നൽകിയ പരാതിയെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിൽ 8 അംഗ പുതിയ എസ്‌ഐടി രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരൻ അന്വേഷിക്കുന്ന ഈ കേസിൽ, സ്ക്രീൻഷോട്ടിന് പിന്നിൽ സിപിഎം ആണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *