വയനാട്ടിൽ 25 പേര്‍ക്ക് ഷിഗെല്ല; മുന്നൂറിലധികം പേർ നിരീക്ഷണത്തിൽ; ഒരാഴ്ചയ്ക്കിടെ പതിനാറായിരത്തിലേറെ പേർ വയറിളക്കത്തിന് ചികിത്സ തേടി

വയനാട്: വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിനുപുറമെ രോഗലക്ഷണങ്ങളോടെ 337 വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

വയനാട്ടിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് ജില്ല സന്ദർശിക്കും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, കോഴിക്കോട് നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം വയനാട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ കർശനമായി അടപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനൊപ്പം പകർച്ചവ്യാധികളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങളാണ് വർദ്ധിച്ചുവരുന്നത്. ഒരാഴ്ചയ്ക്കിടെ പതിനാറായിരത്തിലധികം പേരാണ് വയറിളക്ക രോഗങ്ങൾക്ക് ചികിത്സ തേടിയത്. ഇതിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മാത്രം 2300-ലേറെ പേർ ചികിത്സക്കെത്തി. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടര ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വയറിളക്ക രോഗങ്ങൾ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *