നിപ; സമ്പർക്ക പട്ടികയിൽ 77 പേർ, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും

കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്.  77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 58 ആരോഗ്യപ്രവർത്തകരും 14 കുടുംബാംഗങ്ങളും 5 സുഹൃത്തുക്കളുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. അടിയന്തര നടപടികൾ സ്വീകരിക്കാൻ ആർആർടി സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു.

സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനമുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലും തുടർന്ന് പുണെ വൈറോളജി ലാബിലും നടത്തിയ പരിശോധനയിൽ നിപ തന്നെ എന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിപ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചതോടെ മെഡിക്കൽ കോളേജിലെ പേ വാർ‍‍ഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായാണ് സൂപ്രണ്ടിന്റെ നിർദേശത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാൽ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *