വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടൽ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി ആവശ്യപ്പെട്ടതായാണ് വിവരം. പ്രദീപിനെ പ്രോസിക്യൂട്ടറായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് നീക്കം. നടപടിയെ വിമർശിച്ച് മുൻ ദേവസ്വംമന്ത്രി വി.എൻ.വാസവൻ അടക്കം രംഗത്തുവന്നിരുന്നു.

ക്ഷേത്ര, ദേവസ്വം കാര്യങ്ങളിൽ വിദഗ്ധനാണ് പ്രദീപ്. ദേവസ്വം കേസുകൾക്ക് വേണ്ടിയാണോ ഇയാളുടെ നിയമനം എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല. ദേവസ്വംമന്ത്രി നിയമനത്തിൽ കെ.മുരളീധരൻ പ്രതികരിച്ചിരുന്നില്ല. അദ്ദേഹം പങ്കെടുക്കാത്ത മന്ത്രിസഭായോഗത്തിലാണ് സർക്കാർ അഭിഭാഷകരുടെ നിയമനം തീരുമാനിച്ചതെന്നാണ് വിവരം. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടന ഈ അഭിഭാഷകന്റെ പേര് നൽകിയതുപ്രകാരമാണ് നിയമനമെന്നാണ് വിവരം.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഏറ്റവും ശക്തമായി ഉന്നയിച്ച വിഷയമാണ് ശബരിമല സ്വർണക്കൊള്ളയെന്നിരിക്കെ, നിയമനവിഷയം ന്യായീകരിക്കാൻ യു.ഡി.എഫ്. പ്രയാസപ്പെട്ടിരുന്നു. കെ.ബി.പ്രദീപ് ബിജെപി അനുഭാവിയാണെന്ന പ്രചാരണവും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *