തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്.
സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും, കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി. രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളജിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയ 13 പേരെ ഉൾപ്പെടെ സമ്പർക്കപട്ടികയിൽ ഉള്ള 100 പേരെയും കൺട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടു. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോൺ കോളുകൾ ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കൺട്രോൾ റൂമിൽ എത്തിയത്.

