ബീഫ് കഴിച്ചാല്‍ പോക്കറ്റ് കീറും; വിലക്കയറ്റം അതിരൂക്ഷം, 9 ദിവസത്തേക്ക് കടകള്‍ അടച്ചു

സംസ്ഥാനത്ത് ബീഫ് വില ഉയരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കന്നുകാലികളില്‍ കുറവ് സംഭവിച്ചതാണ് വില ഉയരുന്നതിന് കാരണമായത്. കന്നുകാലി ക്ഷാമത്തെ തുടര്‍ന്ന് ഇറച്ചി കടകള്‍ ഒന്‍പത് ദിവസത്തേക്ക് അടച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ കടകളാണ് അടച്ചത്. വില വര്‍ധനവിനെ തുടര്‍ന്ന് കടയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു.

കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ബീഫിന് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും ഉയര്‍ന്നേക്കും. കോട്ടയം, ഇടുക്കി ഭാഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഇറച്ചികടകളും വരും ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കന്നുകാലികളെത്തുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം കന്നുകാലികളുടെ വില ഉയരുകയും, അതോടൊപ്പം തന്നെ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളായി പതിവായി പിടിച്ചെടുക്കുന്നതും വ്യാപാരികളുടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഗോ സംരക്ഷണ സേനയുടെ പേരിലാണ് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇവിടുത്തുകാര്‍ തടയുന്നത്. ഇതിന് പുറനെ കന്നുകാലികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും തടസം നേരിടുന്നുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ് വിതരണം ചെയ്യുന്നതെങ്കിലും, ചില സംസ്ഥാനങ്ങള്‍ ഇവയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതും കന്നുകാലികളെ കൊണ്ടുവരുന്നതിന് തിരിച്ചടിയാകുന്നു.

ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും കന്നുകാലികളെ കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പടാന്‍ തുടങ്ങിയതോടെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്ന തീരുമാനത്തിലെത്തിയത്.

സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഗോ സംരക്ഷണ സംഘങ്ങള്‍ വാഹനങ്ങള്‍ ആക്രമിക്കുകയും മൃഗങ്ങളെ പിടികൂടുകയും ചെയ്യും. മെയ് മാസത്തില്‍ ഏകദേശം 20 കന്നുകാലികളെയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. വാഹനത്തിലുള്ള തൊഴിലാളികളെയും ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുമ്പ് വരെ 1.5 ലക്ഷത്തിലധികം കന്നുകാലികളായിരുന്നു പ്രതിമാസം കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 25,000 ത്തിലേക്ക് താഴ്ന്നു. കന്നുകാലി വരവ് കുറഞ്ഞത് മാംസ വ്യാപാരികളെ മാത്രമല്ല, കന്നുകാലികളെ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും തിരിച്ചടിയായി.

ബീഫ് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ശീതീകരിച്ച മാംസം വിപണിയിലേക്ക് വലിയ അളവില്‍ എത്തുന്നു. ട്രെയിനുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഗുണനിലവാരമില്ലാത്ത മാംസം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഇവയുടെ വരവ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ സംവിധാനമില്ലെന്ന ആരോപണവും വ്യാപാരികള്‍ ഉന്നയിക്കുന്നു.

വാഹനങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന കന്നുകാലികളെ ഗോശാലകളിലേക്കോ മറ്റോ ആണ് മാറ്റുന്നത്. എന്നാല്‍ ഈ മൃഗങ്ങളില്‍ പലതും പിന്നീട് വില്‍ക്കപ്പെടുന്നു. ഇത്തരം കന്നുകാലികളുടെ മാംസമാണ് ശീതീകരിച്ചും മറ്റും വിപണിയിലേക്ക് എത്തുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ആക്രമണങ്ങളെ കുറിച്ചും ഗോ സംരക്ഷണ സംഘങ്ങളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *